ISL playoff Odisha FC beat Kerala Blasters: കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഒഡീഷ എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ കിരീട മോഹത്തിന് പത്താം സീസണിലും അറുതിയായില്ല.
ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം, ഫെഡർ സെർനിക്കിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. ശേഷം മത്സരം അവസാനിക്കാൻ 3 മിനിറ്റുകൾ ശേഷിക്കെ, ഡീഗോ മൗറീഷ്യോ ഒഡിഷയുടെ സമനില ഗോൾ കണ്ടെത്തി. ഇതോടെ മത്സരത്തിന്റെ മുഴുവൻ സമയം അവസാനിച്ചപ്പോൾ, ഓരോ ഗോൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചു.
തുടർന്ന്, മത്സരം 30 മിനിറ്റ് അധിക സമയത്തിലേക്ക് നീണ്ടു. 98ആം മിനിറ്റിൽ ഐസക്ക് വൻലാൽറുഅത്ഫെല ഒഡീഷ എഫ്സിയെ മുന്നിൽ എത്തിച്ചു. തുടർന്ന് നിരവധി ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയെങ്കിലും, ഒഡീഷയുടെ ഗോൾവല ഇളക്കാൻ ആയില്ല. ഇതോടെ മത്സരം ഒഡീഷ സ്വന്തമാക്കി.
മത്സരത്തിലെ അവസാന മിനിറ്റുകളിൽ, കേരള ബ്ലാസ്റ്റേഴ്സ് ഒന്നിലധികം തവണ ഒഡീഷ ഗോൾ വലയ്ക്ക് അരികിൽ എത്തി. കെപി രാഹുലിന്റെ ഒരു മനോഹരമായ ഹെഡർ, ഒഡീഷ ഗോൾകീപ്പർ അമരീന്ദർ സിംഗ് ഫുൾ ഡൈവ് ചെയ്ത് സേവ് ചെയ്തതോടെ ബ്ലാസ്റ്റേഴ്സിന്റെ എല്ലാ മോഹങ്ങളും അവസാനിച്ചു.