Bengaluru FC and Kerala Blasters rivalry ISL encounter at Sree Kanteerava Stadium: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ആവേശകരമായ മത്സരത്തിന് കളം ഒരുങ്ങുകയാണ്. ബംഗളൂരു ശ്രീകണ്ഡീരവ സ്റ്റേഡിയത്തിൽ വൈകീട്ട് 7:30ന് നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും. ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ ഈ മത്സരത്തിന്റെ വീര്യം വർദ്ധിക്കും. ഇതിനായുള്ള പോർവിളികൾ ഇരു ടീമുകളും നടത്തിക്കഴിഞ്ഞു.
കഴിഞ്ഞ ഐഎസ്എൽ സീസണിൽ, ശ്രീകണ്ഡീരവ സ്റ്റേഡിയത്തിൽ ബംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും പ്ലേഓഫ് മത്സരത്തിൽ ഏറ്റുമുട്ടുകയുണ്ടായി. സുനിൽ ചേത്രിയുടെ പെട്ടെന്നുള്ള ഫ്രീകിക്ക് ഗോളിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഫൈനൽ വിസിൽ മുഴങ്ങുന്നതിന് മുന്നേ ബ്ലാസ്റ്റേഴ്സ് മൈതാനം വിടുകയായിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം ഇരു ടീമുകളും യഥാക്രമം സൂപ്പർ കപ്പ്, ഡ്യൂറൻഡ് കപ്പ് എന്നിവകളിൽ സമനിലകളിൽ പിരിയുകയും, ശേഷം ഈ ഐഎസ്എൽ സീസണിൽ കൊച്ചിയിൽ ഏറ്റുമുട്ടുകയും ചെയ്തു. കൊച്ചിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മഞ്ഞപ്പട വിജയം സ്വന്തമാക്കി. എന്നാൽ, കഴിഞ്ഞ സീസണിലെ അപ്രതീക്ഷിത സംഭവങ്ങൾക്ക് ശേഷം, ഇരു ടീമുകളും വീണ്ടും ഒരു ഐഎസ്എൽ മത്സരത്തിനായി ശ്രീകണ്ഡീരവ സ്റ്റേഡിയത്തിൽ ഇറങ്ങുകയാണ്.
“ഏറ്റവും വേഗമേറിയതല്ല, പക്ഷേ അത് മതിയായ വേഗതയുള്ളതായിരുന്നു,” ബ്ലാസ്റ്റേഴ്സ് ആരാധകരെ ചൊടിപ്പിച്ചുകൊണ്ട് ബംഗളൂരു എഫ്സി അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. വിവാദങ്ങൾക്ക് വഴിവച്ച രംഗങ്ങൾ ഉൾപ്പെടുന്ന വീഡിയോ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആരാധകരെ ഓർമ്മകൾ കൊണ്ട് ആവേശത്തിലാക്കി ഇതിന് മറുപടി നൽകി. “ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു യുദ്ധവിളി, ബംഗളൂരു നമുക്ക് അവിടെ കാണാം,” ബംഗളൂരു എഫ്സി അവരുടെ ആരാധകരോട് ആഹ്വാനം ചെയ്തിരിക്കുന്നു. ഇന്നത്തെ മത്സരം ഈ ഐഎസ്എല്ലിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിൽ ഒന്നായി മാറും എന്ന കാര്യം തീർച്ച.