Kerala Blasters enters ISL 2024 play-off: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ ഈ സീസണിലെ അവസാന ഹോം മത്സരത്തിന് ഇറങ്ങുകയാണ്. സീസണിൽ മൂന്ന് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ശേഷിക്കുന്നത്. ഇന്ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. എന്നാൽ, മൂന്ന് മത്സരങ്ങൾ ശേഷിക്കെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സ്ലോട്ട് ഉറപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ, പഞ്ചാബ് എഫ്സിയെ 3-1 ന് ഒഡിഷ എഫ്സി പരാജയപ്പെടുത്തിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് അവസാന ആറിൽ ഇടം ഉറപ്പിച്ചത്. നിലവിൽ 19 കളികളിൽ നിന്ന് 9 വിജയങ്ങൾ ഉൾപ്പെടെ 30 പോയിന്റുകൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റി, ഒഡിഷ, മോഹൻ ബഗാൻ, ഗോവ എന്നീ ടീമുകൾ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ഇവർക്ക് പിറകെ അഞ്ചാമത്തെ ടീമായിയാണ് കേരള ബ്ലാസ്റ്റേഴ്സ്
പ്ലേ ഓഫിൽ ഇടം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, പ്ലേഓഫിൽ ശേഷിക്കുന്ന ഒരു പൊസിഷന് വേണ്ടി ആറ് ടീമുകളാണ് മത്സര രംഗത്ത് ഉള്ളത്. ബംഗ്ലൂരു എഫ്സി 20 കളികളിൽ നിന്ന് 22 പോയിന്റുകളുമായി ആറാം സ്ഥാനത്ത് നിൽക്കുമ്പോൾ, 20 കളികളിൽ നിന്ന് 21 പോയിന്റ് വീതം നേടി ജംഷഡ്പൂർ എഫ്സി, പഞ്ചാബ് എഫ്സി എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു. 19 കളികളിൽനിന്ന് യഥാക്രമം 21 പോയിന്റ്കളും 20 പോയിന്റ്കളും നേടി ചെന്നൈയിൽ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവരും
പ്ലേ ഓഫ് സാധ്യത നിലനിർത്തുന്നു. 19 കളികളിൽനിന്ന് 18 പോയിന്റ്കളുള്ള ഈസ്റ്റ് ബംഗാളും പ്രതീക്ഷ അവസാനിപ്പിച്ചിട്ടില്ല. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഇന്നത്തെ മത്സരം ഈസ്റ്റ് ബംഗാളിന് നിർണായകമാകും. കൂടാതെ, ശേഷിക്കുന്ന മത്സരങ്ങളിൽ വിജയം നേടി പോയിന്റ് പട്ടികയിൽ നില മെച്ചപ്പെടുത്താൻ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശ്രമം.