Kerala Blasters foreign player shuffle ISL next season: കേരള ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായ രണ്ടാം സീസണിലും ഐഎസ്എൽ പ്ലേഓഫ് ഘട്ടത്തിൽ പുറത്തായിരിക്കും. ഇതോടെ, 2023-24 സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ യാത്ര അവസാനിച്ചു. ഒരു ഐഎസ്എൽ കിരീടം എന്ന മോഹത്തിന് കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും കാത്തിരിക്കേണ്ടി വരും. അതേസമയം, അടുത്ത സീസണിൽ ഏതൊക്കെ വിദേശ താരങ്ങൾ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിൽ തുടരുക
എന്ന സംശയം ആരാധകരിൽ നിലനിൽക്കുന്നു. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ ലിസ്റ്റിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പരിക്കേറ്റ് പുറത്തുപോയ നൈജീരിയൻ സ്ട്രൈക്കർ ജസ്റ്റിൻ ഇമ്മാനുവൽ, ഇനി ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് തിരിച്ചെത്തില്ല എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. ജാപ്പനീസ് ഫോർവേഡ് ഡൈസൂക്കി സകായിയും
അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകില്ല. ഒരു വർഷത്തെ കോൺട്രാക്ടിൽ ആണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ലൂണയുടെ പകരക്കാരനായി എത്തിയ ഫെഡർ സെർനിച്ചും ബ്ലാസ്റ്റേഴ്സിൽ തുടരില്ല. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ബ്ലാസ്റ്റേഴ്സ് മുന്നോട്ടുവെച്ച കോൺട്രാക്ട് റിന്യൂവൽ ഓഫർ അംഗീകരിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്ട്രൈക്കറും, സീസണിലെ ടോപ്പ് സ്കോററുമായ ഡിമിത്രിയോസ് ഡയമന്റകോസ് താൽപര്യം പ്രകടിപ്പിച്ചിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രൊയേഷ്യൻ സെന്റർ ബാക് മാർക്കോ ലെസ്കോവികും ടീം വിടാനാണ് സാധ്യത. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. പരിക്കേറ്റ് പുറത്തിരിക്കുന്ന ക്വാമി പെപ്ര, ജോഷ്വാ സൊറ്റീരിയോ എന്നിവർ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്താനാണ് സാധ്യത. കേരള ബ്ലാസ്റ്റേഴ്സിന്റെ മോണ്ടിനെഗ്രോ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിക്കിന്റെ ഭാവിയുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല. അതേസമയം, ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരണമെങ്കിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ എത്തേണ്ടതുണ്ട്.