Kerala Blasters goalkeeper Sachin Suresh injury update: കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ ആയിരുന്നു മലയാളികൂടിയായ സച്ചിൻ സുരേഷ്. സീസണിൽ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന വേളയിൽ ആണ്, താരത്തിന് പരിക്ക് ഏൽക്കുകയും, സീസൺ മുഴുവനായി നഷ്ടപ്പെടുകയും ചെയ്യും എന്ന റിപ്പോർട്ട് പുറത്തുവന്നത്. ഇപ്പോൾ, സച്ചിൻ സുരേഷിനെ സംബന്ധിച്ച് ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.
2020 മുതൽ കേരള ബ്ലാസ്റ്റേഴ്സ് ബി ടീം അംഗമായിരുന്ന സച്ചിൻ സുരേഷ്, 2021-ൽ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമുമായി കരാറിൽ എത്തിയിരുന്നെങ്കിലും, കേരള ബ്ലാസ്റ്റേഴ്സ് ബി ടീമിൽ തന്നെ തുടരുകയായിരുന്നു. പ്രഭ്ഷുഖൻ സിംഗ് ഗിൽ ടീം വിട്ടതോടെയാണ്, സച്ചിൻ സുരേഷ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ ആയി മാറിയത്. ഇപ്പോൾ, പരിക്കേറ്റ് സൈഡ് ലൈനിൽ ഇരിക്കുന്ന സച്ചിൻ സുരേഷ്, ഒരു ശസ്ത്രക്രിയക്ക് വിധേയനായിരിക്കുകയാണ്.
സച്ചിൻ സുരേഷിന്റെ ശസ്ത്രക്രിയ വിജയകരമായി എന്നും, ഇപ്പോൾ അദ്ദേഹം റിക്കവറി പീരിയഡിൽ ആണ് എന്നും കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. പിച്ചിലേക്ക് വേഗത്തിലും സുഗമമായും മടങ്ങി വരുന്നതിന് കേരള ബ്ലാസ്റ്റേഴ്സ് സച്ചിൻ സുരേഷിന് ആശംസകൾ നേരുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും സച്ചിൻ സുരേഷിന്റെ പരിക്ക് എത്രയും പെട്ടെന്ന് ഭേദമായി, അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് ഗോൾവലക്ക് മുന്നിൽ കാണാനുള്ള പ്രാർത്ഥനയിലാണ്.
തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ്, തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്സി കേരളയിലൂടെ കളിച്ച് വളർന്നാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. കേരള ടീമിന്റെ മുൻ ഗോൾകീപ്പർ സുരേഷിന്റെ മകനാണ് സച്ചിൻ സുരേഷ്. കേരള ബ്ലാസ്റ്റേഴ്സിനായി സച്ചിൻ സുരേഷ് ഇതിനോടകം 16 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സച്ചിൻ സുരേഷിന്റെ അഭാവത്തിൽ, വെറ്റെറൻ ഗോൾകീപ്പർ കരഞ്ജിത്ത് സിംഗ് ആണ് നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ പല കാക്കുന്നത്.