കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും പരിക്ക് തിരിച്ചടി!! സൂപ്പർതാരം സീസൺ ഔട്ട്

Kerala Blasters team news: പരിക്ക് മൂലം വലയുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വീണ്ടും തിരിച്ചടി. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഉൾപ്പടെയുള്ള സൂപ്പർതാരങ്ങൾ പരിക്ക് മൂലം പുറത്തായതോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സീസണിന്റെ ആദ്യ പകുതിയിൽ ടേബിൾ ടോപ്പേഴ്സ് ആയിരുന്ന കേരള ബ്ലാസ്റ്റേഴ്സ്, ഇന്ന് പ്ലേഓഫ് ഉറപ്പിക്കാൻ പൊരുതുകയാണ്.

അതിനിടെ, മറ്റൊരു പരിക്കിന്റെ വാർത്തയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ നൈജീരിയൻ സ്ട്രൈക്കർ ഇമ്മാനുവൽ ജസ്റ്റിന് ആണ് പരിക്ക് ഏറ്റിരിക്കുന്നത്. ജംഷദ്പൂരിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിലാണ് ജസ്റ്റിന് പരിക്ക് സംഭവിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിക് ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ എത്തി അപ്ഡേറ്റ് പങ്കുവെച്ചു.

ജസ്റ്റിന്റെ പരിക്ക് ഗുരുതരം ആണെന്നും, അദ്ദേഹത്തിന് രണ്ടാഴ്ച്ചത്തോളം കാലം പുറത്തിരിക്കേണ്ടി വരും എന്നും പരിശീലകൻ പറഞ്ഞു. ഇത് ഒരുപക്ഷേ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകാൻ കാരണമായേക്കും എന്നതിന്റെ സൂചനയും പരിശീലകൻ പങ്കുവെച്ചു. “ജസ്റ്റിന് അവൻ്റെ പേശികളിൽ അസ്വസ്ഥത അനുഭവപ്പെട്ടു, ഫലങ്ങൾ പുറത്തുവന്നു. അവൻ രണ്ടാഴ്‌ചത്തേക്ക് പുറത്തായിരിക്കും, ഒരുപക്ഷേ സീസണിൻ്റെ ശേഷിക്കുന്ന സമയം നഷ്‌ടപ്പെടാം, ഒരുപക്ഷേ അയാൾ പ്ലേ ഓഫിൽ ഇടംപിടിച്ചേക്കാം,” ഇവാൻ വുകമനോവിക് പറഞ്ഞു.

നേരത്തെ, കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ജസ്റ്റിൻ, പിന്നീട് ഗോകുലം എഫ്സിയിലേക്ക് ലോൺ അടിസ്ഥാനത്തിൽ പോവുകയായിരുന്നു. എന്നാൽ, സീസൺ മധ്യേ ബ്ലാസ്റ്റേഴ്സിന്റെ ഗാന സ്ട്രൈക്കർ ക്വാമി പെപ്ര പരിക്കേറ്റ് ടീമിന് പുറത്തായതോടെ, ജസ്റ്റിനെ ബ്ലാസ്റ്റേഴ്സ് തിരിച്ചുവിളിക്കുകയായിരുന്നു. നിലവിൽ 19 കളികളിൽ നിന്ന് 30 പോയിന്റുകളോടെ ടേബിളിൽ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. 3 മത്സരങ്ങളാണ് സീസണിൽ ബ്ലാസ്റ്റേഴ്സിന് ശേഷിക്കുന്നത്.

Ivan VukomanovićKerala BlastersNigeria
Comments (0)
Add Comment