ഞാൻ എൻ്റെ ജീവിതത്തിൽ കണ്ട ഏറ്റവും മോശം ബ്രസീൽ ടീമാണിത്!! കടുത്ത വിമർശനവുമായി ഇതിഹാസ താരം റൊണാൾഡീനോ

Ronaldinho speaks about Brazil team. Brazil vs Costa Rica Copa America 2024

Ronaldinho speaks about Brazil team: കോപ്പ അമേരിക്ക 2024-ലെ ബ്രസീലിന്റെ ആദ്യ മത്സരത്തിൽ അവർക്ക് നിലവാരത്തിനൊത്ത് ഉയർന്ന പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല. താരതമ്യേനെ ചെറിയ എതിരാളികളായ കോസ്റ്ററിക്കയോട് ടൈറ്റിൽ ഫേവറേറ്റുകൾ ആയ ബ്രസീൽ ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചതും, ആക്രമങ്ങൾക്ക് നേതൃത്വം കൊടുത്തതും ബ്രസീൽ ആണെങ്കിലും, 

അതൊന്നും കൃത്യമായി പ്രയോജനപ്പെടുത്തി ഗോൾ ആക്കി മാറ്റാൻ ടീമിന് സാധിച്ചില്ല. 19 ഷോട്ടുകളിൽ ആകെ 3 ഓൺ ടാർഗറ്റ് ഷോട്ടുകൾ മാത്രമാണ് ബ്രസീൽ താരങ്ങളിൽ നിന്ന് പിറന്നത്. ഇതോടെ ബ്രസീലിന് ഗ്രൂപ്പ് ഘട്ടത്തിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ നിർണായകമായി. ഈ സാഹചര്യത്തിൽ ബ്രസീൽ ഇതിഹാസതാരം റൊണാൾഡീനോ പങ്കുവെച്ച അഭിപ്രായം ഫുട്ബോൾ ലോകത്ത് വീണ്ടും ചർച്ച ആവുകയാണ്. 

കോപ്പ അമേരിക്ക ടൂർണമെന്റ് ആരംഭിക്കുന്നതിന് മുന്നേ തന്നെ, ഈ ടൂർണമെന്റിനായി പ്രഖ്യാപിച്ചിരിക്കുന്ന ബ്രസീൽ ടീം വളരെ മോശം ടീം ആണെന്ന് റൊണാൾഡീഞ്ഞോ പ്രസ്താവിച്ചിരുന്നു. ബ്രസീലിയൻ ഫുട്ബോൾ ഇഷ്ടപ്പെടുന്നവർക്ക് ഇത് വിഷമം ഉണ്ടാക്കുമെങ്കിലും, തന്റെ അഭിപ്രായത്തിൽ താൻ ഇതുവരെ കണ്ട ഏറ്റവും മോശം ബ്രസീൽ ടീം ആണ് ഈ കോപ്പ അമേരിക്കയിൽ പങ്കെടുക്കുന്നത് എന്ന് റൊണാൾഡീഞ്ഞോ പറഞ്ഞിരുന്നു. മാത്രമല്ല, താൻ ബ്രസീലിന്റെ ഒരു കളിയും കാണില്ല എന്നും 

കോപ്പ അമേരിക്ക 2024 താൻ ബഹിഷ്കരിക്കുകയാണ് എന്നും ഇതിഹാസതാരം പരസ്യമായി പ്രസ്താവിച്ചിരുന്നു. പിന്നീട് പല സമ്മർദ്ദങ്ങൾക്കും വിധേയനായി, അദ്ദേഹം അഭിപ്രായത്തിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും, കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിന് ശേഷം, ബ്രസീൽ ആരാധകർക്കിടയിൽ റൊണാൾഡീഞ്ഞോ നേരത്തെ പ്രസ്താവിച്ച വാക്കുകൾ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ക്ലബ്ബിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളാണ് ബ്രസീലിയൻ ടീമിൽ ഉള്ളതെങ്കിലും, പരമ്പരാഗത ബ്രസീലിയൻ കളി ശൈലിയിൽ പന്തു തട്ടാൻ ഇവർക്ക് കഴിയുന്നില്ല എന്നതാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്നം.