ലണ്ടൻ ഡെർബിയിൽ ചെൽസിക്കെതിരെ ആഴ്സണലിന് ചരിത്രപരമായ ജയം

Rate this post

Arsenal stun Chelsea in London Derby: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലണ്ടൻ ഡെർബിയിൽ ചെൽസിക്കെതിരെ  ആഴ്സനൽ വമ്പൻ വിജയം സ്വന്തമാക്കി. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്കാണ് പീരങ്കിപ്പട വിജയം നേടിയത്. ബെൻ വൈറ്റ്, കായ് ഹവേട്ട്സ് എന്നിവർ ആഴ്സനലിന്റെ 5-0 വിജയത്തിൽ രണ്ട് ഗോളുകൾ വീതം സംഭാവന നൽകി. 

മത്സരത്തിന്റെ 4-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രോസാഡിലൂടെ ആഴ്സനൽ മുന്നിൽ എത്തുകയായിരുന്നു. തുടർന്ന് ആദ്യപകുതിയിൽ ആഴ്സനൽ വീണ്ടും ശ്രമങ്ങൾ തുടർന്നെങ്കിലും, മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾ ആഴ്സനൽ 1-0 ത്തിന്റെ ലീഡിൽ ഒതുങ്ങി. ചെൽസിക്കെതിരെ പൂർണ്ണ ആധിപത്യം പുലർത്തി കൊണ്ടായിരുന്നു ആഴ്സനലിന്റെ പ്രകടനം. 

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ആഴ്സനൽ നാല് ഗോളുകൾ സ്കോർ ചെയ്തത്. ഡിഫൻഡർ ബെൻ വൈറ്റ് 52, 70 മിനിറ്റുകളിൽ ചെൽസിയുടെ ഗോൾ വല കുലുക്കിയപ്പോൾ, ജർമ്മൻ ഫോർവേഡ് കായ് ഹവേട്ട്സ് 57, 65 മിനിറ്റുകളിൽ ഗോൾ നേടി. ചെൽസിക്കെതിരെ ആഴ്സനൽ ചരിത്രത്തിൽ നേടുന്ന ഏറ്റവും വലിയ വിജയമായി ഇത് മാറി. മാത്രമല്ല, ഒരു ലണ്ടൻ ഡെർബിയിൽ, 1986-ൽ ക്വീൻസ് പാർക്ക് റെയിഞ്ചേഴ്സിനെതിരെ 6-0 ത്തിന് പരാജയപ്പെട്ടതിനു ശേഷം  

ചെൽസി നേരിട്ട ഏറ്റവും വലിയ പരാജയം കൂടിയായി കഴിഞ്ഞ രാത്രിയിലെ മത്സരം മാറി. ചെൽസിക്ക് എതിരായ ജയത്തോടെ 34 കളികളിൽ നിന്ന് 77 പോയിന്റ്കളോടെ ആഴ്സനൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. സീസണിൽ മോശം പ്രകടനം തുടരുന്ന ചെൽസി, 32 കളികളിൽ നിന്ന് 47 പോയിന്റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്.