ചിലപ്പോൾ ഫുട്ബോൾ ഇങ്ങനെയാണ്!! കേരള ബ്ലാസ്റ്റേഴ്‌സ് താരം ഫെഡർ സെർനിക് പ്രതികരിക്കുന്നു

Fedor Cernych Kerala Blasters

Rate this post

Fedor Cernych Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഈ സീസണിൽ എത്തിയ അപ്രതീക്ഷിത താരമാണ് ഫെഡർ സെർനിക്. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് പരിക്കുമൂലം സീസൺ നഷ്ടമായതിന് പിന്നാലെ, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആണ് ലിത്വാനിയൻ ദേശീയ ടീം ക്യാപ്റ്റൻ ആയ ഫെഡർ സെർനിക്കിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. 

റഷ്യൻ ക്ലബ്ബ് ഡൈനാമോ മോസ്കോക്ക്‌ വേണ്ടി ഉൾപ്പെടെ കളിച്ചിട്ടുള്ള ഫെഡർ സെർനിക്, കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ 10 ഐഎസ്എൽ മത്സരങ്ങൾ കളിക്കുകയും മൂന്ന് ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തു. സീസൺ അവസാനിക്കുന്നത് വരെ നീണ്ടുനിൽക്കുന്ന കരാറിൽ ആണ് ബ്ലാസ്റ്റേഴ്സ് ഫെഡർ സെർനിക്കുമായി ഒപ്പുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഫെഡർ സെർനിക് അടുത്ത സീസണിൽ  

കേരള ബ്ലാസ്റ്റേഴ്സിനോട് ഒപ്പം ഉണ്ടാകില്ല എന്നത് ഏറെക്കുറെ ഉറപ്പാണ്. ഇപ്പോൾ, ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചിരിക്കുകയാണ് ഫെഡർ സെർനിക്. “നമ്മൾ എല്ലാവരും പ്രതീക്ഷിച്ച പോലെയുള്ള ഒരു സീസൺ അന്ത്യമല്ല ഇത്, ചിലപ്പോൾ ഫുട്ബോൾ ഇങ്ങനെയാണ്. എന്റെ ഭാവിയെ കുറിച്ച് ഇതുവരെ അറിയില്ല, പക്ഷേ ടീമിനുവേണ്ടി നിങ്ങൾ നൽകുന്ന പിന്തുണക്കും സ്നേഹത്തിനും എല്ലാവരോടും ഹൃദയത്തിൽ നിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. 

ഞാൻ അത്ഭുതകരമായ ആളുകളെ ഇവിടെ കണ്ടുമുട്ടി. ബ്ലാസ്റ്റേഴ്സ് കുടുംബാംഗമാകാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്. ഭാവിയിൽ എന്ത് സംഭവിക്കും എന്നതിൽ കാര്യമില്ല, ഞാൻ എപ്പോഴും ഒരു ബ്ലാസ്റ്റേഴ്സ് ആരാധകനായിരിക്കും,” ഫെഡർ സെർനിക് കുറിച്ചു. ലിത്വാനിയൻ ഫോർവേഡിന്റെ കോൺട്രാക്ട് നീട്ടാൻ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ശ്രമങ്ങൾ ഒന്നും തന്നെ നടത്തിയതായി റിപ്പോർട്ടുകൾ ഇല്ലാത്തതിനാൽ തന്നെ അദ്ദേഹം ടീമിനോട് വിട പറഞ്ഞു എന്ന് വേണം മനസ്സിലാക്കാൻ.